Kalabhavan London Presents ‘Jiya Jale’ Dance Fest and Stage Adaptation of Classic Movie ‘Chemmeen’

Posted by

 ലോക നൃത്ത നാടക ദിനങ്ങളോട് അനുബന്ധിച്ചു കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ജിയാ ജലേ” ഡാൻസ് ഫെസ്റ്റും തകഴിയുടെ “ചെമ്മീൻ” എന്ന നോവലിന്റെ നാടക ആവിഷ്ക്കാരവും ഏപ്രിൽ 12 ശനിയാഴ്ച്ച ലണ്ടനിൽ നടന്നു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പയ്ൻ അക്കാദമി ഹാളിൽ ആണ് പരിപാടി അരങ്ങേറിയത്, യുക്‌മ നാഷണൽ പ്രസിഡണ്ട് അഡ്വ:എബി സെബാസ്റ്റ്യൻ ഉത്‌ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ കേംബ്രിഡ്‌ജ്‌ മേയർ അഡ്വ: ബൈജു തിട്ടാല മുഖ്യാഥിതി ആയിരുന്നു. ബേസിങ്‌ സ്റ്റോക്ക് സിറ്റി കൗൺസിലർ സജീഷ് ടോം, ബ്രിസ്റ്റോൾ കൗൺസിലർ ടോം ആദിത്യ തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. ബിനോയി & മഞ്ജു (ഐഡിയലിസ്റ്റിക് മോർട്ടഗേജ് ) ഷാൻ (ഷാൻ പ്രോപ്പർട്ടീസ്),ജേക്കബ് വർഗീസ്,   എബ്രഹാം ലൂക്കോസ്, ടോണി ചെറിയാൻ, ജോസ് ടി ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.

കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്‌സൺ ജോർജ്, ഷീന ജയ്‌സൺ, റാണി ജേക്കബ്,ഡെയ്‌സി ജോസഫ്, റോസീന പരിപാടികൾക്ക്  തുടങ്ങിയവർ നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞു നടന്ന വാശിയേറിയ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ സർഗം ഡാൻസ് കോവെന്ററി ഒന്നാം സ്ഥാനവും (500 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും) നാച്ചോ സ്വാഗ് രണ്ടാം സ്ഥാനവും (300 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും) ഡൈനാമിക് ഡ്യുയോ മൂന്നാം സ്ഥാനവും (200 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും) നേടി. 
പ്രമുഖ നർത്തകരും കോറിയോഗ്രാഫറുമായ തബു, യെദു കൃഷ്‌ണ തുടങ്ങിയവർ വിധികർത്താക്കളും, ഡാൻസ് ഫെസ്റ്റ് കോർഡിനേറ്റേഴ്‌സും ആയിരുന്നു.
ഉൽഘാടന സമ്മേളനത്തിന് ശേഷം നടന്ന പുരസ്‌ക്കാര ദാന ചടങ്ങിൽ  യുകെയിലെ  മലയാളി സമൂഹത്തിൽ കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നൽകിയവരെ ആദരിച്ചു.
യുകെ മലയാളികൾ നാമ നിർദ്ദേശം ചെയ്തവരിൽ നിന്നും കൊച്ചിൻ കലാഭവൻ സെക്രട്ടറിയും, കേരളാ സംഗീത നാടക അക്കാദമി മെമ്പറുമായ ശ്രീ കെ എസ് പ്രസാദും കൊച്ചിൻ കലാഭവൻ ഡയറക്ടറും പ്രശസ്‌ത സംഗീത സംവിധായകനുമായ ശ്രീ : ഇഗ്നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) അംഗങ്ങങ്ങളായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്

പുരസ്‌ക്കാരങ്ങൾക്ക് അർഹരായവർ
ശ്രീ : രാജേഷ് രാമൻ (സംഗീതം, സാംസ്ക്കാരികം)
മനോജ് ശിവ (നാടകം, സംഗീതം,സാംസ്ക്കാരികം)
കാനേഷ്യസ് അത്തിപ്പൊഴിയിൽ (സിനിമ,സാംസ്ക്കാരികം)
അജിത് പാലിയത്ത് (മലയാള ഭാഷ,സാംസ്ക്കാരികം)
മണമ്പൂർ സുരേഷ് (സാഹിത്യം സാംസ്ക്കാരികം, സിനിമ)
ബാലകൃഷ്ണൻ ബാലഗോപാൽ (മാധ്യമം, സാംസ്ക്കാരികം)
ബാൾഡ്വിൻ സൈമൺ (നാടകം)
നൈസ് സേവ്യർ (കലാഭവൻ നൈസ്) (നൃത്തം)
ജോമോൻ മാമ്മൂട്ടിൽ (കലാ-സാംസ്ക്കാരികം)
മുരളി മുകുന്ദൻ (മലയാള ഭാഷ -സാഹിത്യം, സാംസ്ക്കാരികം)
രശ്‌മി പ്രകാശ് (മലയാള ഭാഷ -സാംസ്ക്കാരികം)
ദീപ നായർ (നൃത്തം, സാംസ്ക്കാരികം)
മീര മഹേഷ് ( നൃത്തം)
തുടങ്ങിയവരാണ് പുരസ്‌ക്കാര ജേതാക്കൾ, കൂടാതെ ശാരിക അമ്പിളി, മനോജ് മാത്രാടൻ തുടങ്ങിയവർ പ്രത്യേക അവാർഡിനും അർഹരായി .

ഗുരുപ്രഭ ലണ്ടൻ അവതരിപ്പിച്ച വിഷു ദിന നൃത്തത്തിൽ   റാണി രഘുലാൽ, സൗമ്യ ഷൈജു, സീന അജീഷ്, അഥീന ആൻഡ്രൂസ്, ഗ്രീഷ്‌മ അഖിലൻ തുടങ്ങിയവർ അണിനിരന്നു. അൽഫോൻസാ കുര്യനും ജെന്നിസ്‌ കുര്യനും  ചേർന്നവതരിപ്പിച്ച വിസ്‌പേർസ് ഓഫ് ലവ് എന്ന നൃത്ത രൂപം അതി മനോഹരമായിരുന്നു, സൂമ്പ ഇൻസ്ട്രറ്ററും  ഡാൻസറുമായ ആർച്ച അജിത് നേതൃത്വം നൽകിയ സൂമ്പ ഡെമോ കാണികളിൽ ആവേശമുണർത്തി, മുഹമ്മദ് അഷ്‌റഫ് (ആബ്രോ) നേതൃത്വം നൽകിയ വൺ മാൻ ഷോയും  പരിപാടികൾക്ക് മിഴിവേകി. ജെസ്‌ന ഈവന്റ് ഹോസ്റ്റ് ആയിരുന്നു 

തുടർന്ന് കലാഭവൻ ലണ്ടന്റെ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത സംഗീത നാടകം “ചെമ്മീൻ” കാണികൾക്ക് ദൃശ്യ വിസ്‌മയമായി.
സിനിമയിലെ ചെമ്മീൻ നാടക വേദിയിലേക്ക് പകർന്നു മാറുകയായിരുന്നു. അങ്ങനെ പരീക്കുട്ടിയും കറുത്തമ്മയും ലണ്ടൻ വേദിയിൽ നിറഞ്ഞു നിന്നു. ചെമ്മീൻ സിനിമയുടെ ഗ്രുഹാതുരത്വത്തോടു കൂടി എത്തിയ നാടകാസ്വാദകരെ തെല്ലൊന്നുമല്ല ഈ പരിണാമം ആസ്വദിപ്പിച്ചത്.

ജയ്സൻ ജോർജും ജിത അരുണും പ്രേമവും, പ്രേമ നൈരാശ്യവും മോഹവും, മോഹഭംഗങ്ങളും ആ അനശ്വര പ്രേമകഥയുടെ തീവ്രതയോടെ അവതരിപ്പിച്ചു. ചെമ്പൻ കുഞ്ഞും ചക്കി മരക്കാത്തിയും ബോൾഡ്വിൻ സൈമന്റെയും, വിമല പരേരയുടെയും കൈകളിൽ സുരക്ഷിതമായിരുന്നു. പളനിയായി ജെയിൻ K ജോണും അച്ചൻകുഞ്ഞായി കീർത്തി സോമരാജനും, നല്ലപെണ്ണായി യാമിൻ മിഥുനും തുറ അച്ചനായി മുരളീധരൻ വിദ്യാധരനും തിളങ്ങി. ശ്രേയ മേനോന്റെ പഞ്ചമിയും കാണികളുടെ മനസ്സിൽ ഇടം പിടിച്ചു. വത്സലൻ , ജതിൻ തോമസ്, സുനിത്ത്, ഹരീഷ്, വിമൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നൃത്ത രംഗത്ത് സൗമ്യ ഷൈജു, റാണി രഘുലാൽ, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്‌സി ജെയ്‌മോൻ, പൂജ തമ്പി തുടങ്ങിയർ വേഷമിട്ടു. സൗമ്യ ഷൈജു നൃത്തം കൊറിയോഗ്രാഫി ചെയ്തു. വത്സലനും സുഭാഷ് പിള്ളയും രാജേഷ് കരുണാകരനും സാങ്കേതിക സഹായം നൽകി.

സിനിമയിൽ നിന്നും നാടകത്തിലേക്ക് വന്നതായിരുന്നു ലണ്ടനിൽ അവതരിപ്പിച്ച ചെമ്മീൻ,. ചെമ്മീൻ സിനിമ കണ്ടാസ്വദിച്ച ഒരാൾക്കു ഈ നാടകം കൊണ്ട് പോകുന്ന ഒഴുക്കിൽ നിന്നും മാറി നിൽക്കാനാവില്ല. കൊച്ചിൻ കലാഭവൻ ലണ്ടന്റെ സാരഥി കൂടിയായ ജയ്‌സൺ  ജോർജാണ് ചെമ്മീൻ സംവിധാനം ചെയ്തവതരിപ്പിച്ചത്. നല്ലൊരു പരീക്ഷണം അതീവ ഹൃദ്യതയോടെ അരങ്ങിലെത്തിച്ചുവെന്നഭിമാനിക്കാം. ചെമ്മീൻ കൂടുതൽ വേദികളിലേക്കെത്തും എന്നുറപ്പാണ്.

നവരുചി യുടെ നാടൻ ഭക്ഷണം പരിപാടികൾ കൂടുതൽ ആസ്വാദ്യകരമാക്കിതീർത്തു  

A review of the play Chemmeen, by Ajith Paliath (credit: Facobook/Ajith Paliath)

🌹തകഴിയുടെ വിശ്വവിഖ്യാത നോവൽ ചെമ്മീനിന്റെ നാടകാവിഷ്കാരം ലണ്ടനിൽ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി. ചെമ്മീൻ നോവലിന്റെ നാടകരൂപം പല അരങ്ങിൽ പലയിടങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ അവതരണം തന്നെയായിരുന്നു. നാടകാവതരണത്തിലും രംഗസജ്ജീകരണത്തിലും കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊണ്ട് ഒരു ഡ്രാമാസ്കോപ്പ് നാടകത്തിന്റെ ദൃശ്യഭംഗിയോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ മുന്നൂറോളം വരുന്ന ആസ്വാദകർ കണ്ണിമചിമ്മാതെയാണ് കഥാപാത്രങ്ങളുടെ ചംക്രമണങ്ങളും അവയ്ക്കിടയിലെ ഭാവപ്പകർച്ചകളും
അഭിനയവൈഭവവും ആസ്വദിച്ചിരുന്നത് .
ഈ നാടകം കണ്ടപ്പോള് കേരളത്തിൽ പണ്ട് അരങ്ങുവാണിരുന്ന നാടക സമിതികളുടെ പ്രൊഫഷണൽ നാടക-ലോകത്തിലേക്ക് ഒരുവേള ആസ്വാദകരെ കൊണ്ടുപോയിട്ടുണ്ടാവും. അന്ന് അമ്പലപ്പറമ്പുകളിലും ഗ്രാമങ്ങളിലെ ഉണങ്ങിവരണ്ട പാടങ്ങളിലും മറ്റ് വെളിമ്പ്രദേശങ്ങളിലും മുളയും പലകയും കൊണ്ടുള്ള തട്ടിട്ട് തറപ്പോള കെട്ടി അവതരിപ്പിച്ചിരുന്ന പ്രൊഫഷണൽ നാടകങ്ങളും അതിലെ നടീനടന്മാരെയും ബഹുമാനത്തോടെ കണ്ടിരുന്ന കാലമായിരുന്നു. നാടകം ജനങ്ങളിൽ ഒരു ലഹരിയായി പടർന്നു കയറിയിരുന്നു.
🌹സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ആ കാലഘട്ടത്തിലാണ് കേരളക്കര അന്നുവരെ കണ്ടുവന്ന തമിഴ് ഭാഷയുടെ സ്വാധീനമുള്ള സംഗീതനൃത്ത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാമൂഹിക ജീവിതങ്ങളുടെ നേരും നെറിയും കാണിച്ചുതരുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, അശ്വമേധം, നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി’ തുടങ്ങി പലനാടകങ്ങളും കേരളസമൂഹത്തിൽ ചലനങ്ങൾ സൃഷ്ട്ടിക്കുകയും പുതിയൊരു ആസ്വാദക സദസ്സിനെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
കെ.പി.എ.സി , കാളിദാസ കലാകേന്ദ്രം, കലാനിലയം, കലിംഗ തിയ്യേറ്റേഴ്സ്, സംഗമിത്ര, സൂര്യസോമ, ചേർത്തല ജൂബിലി, ഓച്ചിറ നിള, പൂഞ്ഞാർ നവധാര, ചങ്ങനാശേരി ഗീഥാ തുടങ്ങി അനവധി നാടക സമിതികളാണ് ഈ നവോദ്ധാനത്തിൽ പങ്കാളികളായത്. അന്നത്തെ പ്രധാന എഴുത്തുകാർ ഗ്രാമീണ സാമൂഹിക സാംസ്‌കാരിക ജീവിതങ്ങൾ നോവലുകളായ് പകർത്താൻ തുടങ്ങിയപ്പോൾ അവയിൽ പലതും നാടകമോ സിനിമയോ ആയി മാറി. അത്തരത്തിൽ സിനിമയായ് മാറിയതാണ് അന്നത്തെ പുരോഗമനസാഹിത്യകാരനായ തകഴി എഴുതിയ ‘ചെമ്മീൻ’ എന്ന നോവൽ.
♥️കടലിന്റെ പശ്ചാത്തലത്തില് പറഞ്ഞ അതിമനോഹരമായ ഒരു പ്രണയകാവ്യം തന്നെയായിരുന്നു തകഴിയുടെ ‘ചെമ്മീൻ’.
💕💕💕💕
കടലിന്റെ വേലിയേറ്റവും വേലിയിറക്കവും പോലെ അരയ-മുക്കുവരുടെ ജീവിതത്തിൽ നിൽക്കുന്ന വറുതിയുടെയും ചാകരയുടെയും ദിനങ്ങൾക്കിടയിൽ കാറും കോളും നിറഞ്ഞ കടൽപോലെ പ്രക്ഷുബ്ധമായ കുടുംബാന്തരീക്ഷത്തിന്റെ നേർകാഴ്ചയായിരുന്നു ‘ചെമ്മീൻ’ എന്ന നോവൽ. പ്രണയവും വിരഹവും വേദനയും ഈഗോയും ചതിയും തുടങ്ങി ഒരു സാധാരണ സമൂഹത്തിൽ അലതല്ലുന്ന എല്ലാ വികാര വിചാര ഭാവതീവ്രതകളും കൊണ്ട് സമ്പുഷ്ടമായിരുന്നു ‘ചെമ്മീൻ’.
🌹 കറത്തമ്മയെന്ന ചെമ്പൻകുഞ്ഞിന്റെ തലയും മുലയും വന്ന മകൾക്ക് നാലാം വേദക്കാരനോട് തോന്നിയ പ്രണയം ഒരച്ഛന്റെ ശാഠ്യങ്ങൾക്ക് മുന്നിൽ കെട്ടുപോവുകയായിരുന്നു. കറത്തമ്മയ്ക്കും പഞ്ചമിക്കും വേണ്ടി നല്ലൊരു അച്ഛനാവാനോ ചക്കി മരക്കാത്തിക്ക് വേണ്ടി നല്ലൊരു ഭർത്താവാകാനോ പറ്റാതെ ജീവിതത്തിൽ എടുത്ത ഓരോ തീരുമാനങ്ങളും പിഴച്ചുപോയ ചെമ്പൻകുഞ്ഞിന്റെ മനോനില തെറ്റിയ ജീവിതം കടാപ്പുറത്ത് അലയൊളി നിറയ്ക്കുമ്പോൾ, അങ്ങകലെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്ത സമൂഹത്തിനോടുള്ള പ്രതിഷേധമായി സ്വജീവനെ കടലമ്മയ്ക്ക് സമർപ്പിച്ച പരീക്കുട്ടിയുടേയും കറത്തമ്മയുടേയും നിശ്ചലമായ ശരീരം കൈകൾ കോർത്ത് കടൽത്തീരത്ത് അടിഞ്ഞു കിടക്കുകയായിരുന്നു. ‘കരയില് കഴിയുന്ന അരയത്തിയുടെ ചാരിത്ര്യശുദ്ധി കൊണ്ടാണ് കടലില്പോയ അരയന് അപകടം കൂടാതെ കരയില് തിരിച്ചെത്തുന്നത് ‘ എന്ന് അരയന്മാരിൽ രൂഢമൂലമായ (അന്ധ)-വിശ്വാസത്തെ ബലപ്പെടുത്താൻ പളനിയും കടലമ്മയുടെ അടിത്തട്ടിലേക്ക് മറഞ്ഞു പോയി. ഇവയെല്ലാം സമം ചേർത്ത് ഒരുക്കിയ ഡ്രാമാസ്കോപ്പ് പോലുള്ള രംഗങ്ങളുടെ മനോഹരമായ ദൃശ്യാവിഷ്കാരമായിരുന്നു കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിച്ച ചെമ്മീൻ നാടകത്തിൽ കണ്ടതും.💪
🌹പണ്ട് നാടകരംഗങ്ങളിൽ മിന്നൽവേഗത്തിൽ മാറിമറിയുന്ന ബാക്ഡ്രോപ്പ് കർട്ടനുകൾ കൊണ്ടും ശബ്ദ-വെളിച്ച സാങ്കേതികവിദ്യകൾ കൊണ്ടും കാണികളിൽ ആകാംഷയുടെ മുൾമുനകൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ ഇന്ന് ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ശബ്ദവും വെളിച്ചവും ഒപ്പം നാടക രംഗങ്ങളും മുഹൂർത്തങ്ങളും സമന്വയിപ്പിച്ച് LED wall-ന്റെ പാശ്ചാത്തലത്തിൽ ആസ്വാദകരിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട്. ലണ്ടനിൽ അരങ്ങേറിയ ചെമ്മീൻ നാടകത്തിലും ഈ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചിരുന്നു. പ്രൊഫഷണൽ നാടകങ്ങളാണെങ്കിലും കാണികളെ പിടിച്ചിരുത്തുക എന്നത് ഒരു നിസാര കാര്യമല്ലല്ലോ. അതിൽ ജെയ്സണും ടീമും വിജയിച്ചിരിക്കുന്നു.👏👏🙏🏼
♥️ലണ്ടനിലെ നാടകരംഗത്തെ പ്രമുഖ കലാകാരന്മാരായ ബ്ലാഡ്വിൻ സൈമൺ ( ചെമ്പൻ കുഞ്ഞ് ) ജെയ്‌സൺ ജോർജ് ( പരീക്കുട്ടി ) ജെയിൻ ജോണ് ( പളനി ) കീർത്തി സോമരാജൻ ( അച്ചൻ കുഞ്ഞ് ) ജിത അരുൺ ( കറുത്തമ്മ ) യാമിൻ മിഥുൻ ( നല്ല പെണ്ണ് ) വിമല പെരേര ( ചക്കി മരക്കാത്തി ) ശ്രേയ മേനോൻ ( പഞ്ചമി ) മുരളീധരൻ വിദ്യാധരൻ ( തുറയിൽ അച്ചൻ ) എന്നിവർക്കൊപ്പം വത്സലൻ , ജതിൻ , സുനിത്ത്, ഹരീഷ്, വിമൽ എന്നിവരും സൗമ്യ ഷൈജു, റാണി രഘുലാൽ, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്‌സി ജെയ്‌മോൻ, പൂജ തമ്പി എന്നീ നർത്തകികളും നാടകത്തിൽ വേഷമിട്ടു . കൊച്ചിൻ കലാഭവൻ ലണ്ടന്റെ അമരക്കാരനായ ജെയ്‌സൺ ജോർജ്‌ജാണ് ചെമ്മീൻ നാടകം സംവിധാനം ചെയ്തത്. ഏതാണ്ട് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നാടകമാണ് കഥാസാരം വിടാതെ അപ്രസക്തമായ ചില രംഗങ്ങൾ ഒഴിവാക്കി വേദിയിൽ അവതരിപ്പിച്ചത്.
🌹കേരളത്തിലെ തീരപ്രദേത്തെ അരയ-മുക്കുവരുടെ ആചാരങ്ങളും, വിശ്വാസങ്ങളും, അനുഷ്ഠാനങ്ങളും സംഭാഷണങ്ങളും തുടങ്ങി അവരുടെ ജീവിതത്തിലെ പരുക്കന് യാഥാര്ത്ഥ്യങ്ങളെല്ലാം തന്നെ ഈ നാടക അവതരണത്തിലൂടെയും അഭിനയത്തിലൂടെയും കൊണ്ടുവരാൻ അഭിനേതാക്കളും സംവിധായകനും ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. നാടകത്തിലെ കഥാപാത്രങ്ങളോട് നൂറു ശതമാനം കൂറുപുലർത്തുന്ന രീതിയിൽ തന്നെയാണ് വേഷസംവിധാനങ്ങളും പ്രോപ്പർട്ടികളും ഉപയോഗിച്ചത്.
വള്ളത്തിന്റെ പങ്കായവും വള്ളവും വലയും, മുക്കുവന്റെ വട്ട തൊപ്പിയും അവരുടെ മാനറിസങ്ങളും എല്ലാമെല്ലാം തന്നെ ശ്രദ്ധയോടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കാൻ സംവിധായകൻ സൂഷ്മതയോടെ ശ്രദ്ധിച്ചിട്ടുണ്ട് എന്നത് തീരദേശത്തെ മുക്കുവരുടെ ജീവിതം അടുത്ത് നിന്ന് കണ്ടിട്ടുള്ള എനിക്ക് എടുത്തുപറയാൻ സാധിക്കും. അതുപോലെ ചെമ്മീനിലെ ഗാനങ്ങൾക്ക് വേദിയിൽ നൃത്തം ചെയ്ത നർത്തകരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. മലയാളക്കര ഇന്നും നെഞ്ചിലേറ്റുന്ന ചെമ്മീൻ സിനിമയിലെ ഗാനങ്ങൾക്ക് നൃത്താവിഷ്കാരം നൽകിയപ്പോൾ കാണികളുടെ മനസ്സിൽ മലയാള ഗ്രാമീണ നാടിന്റെ ഗൃഹാതുരത്വം അലയടിക്കുന്നുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞാലും ഒളിമങ്ങാതെ കാലാതീതമായി നിൽക്കുന്ന കഥയാണ് ചെമ്മീൻ. അതുകൊണ്ടുതന്നെയാണ് തകഴിയുടെ ചെമ്മീൻ നോവലിന് സിനിമയ്ക്ക് അപ്പുറം നാടകത്തിലൂടെയും കറത്തമ്മയുടെയും പരീക്കുട്ടിയുടെയും ഉള്ളിൽ നിറഞ്ഞുനിന്ന കടലോളം പ്രണയം ആസ്വാദകർക്ക് പകര്ന്നു നൽകാൻ സാധിച്ചതും, കാണികൾക്കു അത് ആസ്വദിക്കാൻ പറ്റിയതും.♥️

🌹നാടകത്തിന്റെ മുന്നിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ . 👏👏🥰🥰
സസ്നേഹം
അജിത് പാലിയത്ത്

 

Leave a Reply

Your email address will not be published. Required fields are marked *