Veteran filmmaker KG George passed away – ആ അതുല്യ പ്രതിഭയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു

Posted by

(By കലാ നായർ)

ആദരാഞ്ജലികൾ!

പ്രശസ്തരായ പലരുടെയും മരണത്തിൽ നിന്നും വ്യത്യസ്തമായി കെ ജി ജോർജ് ന്റെ നിര്യാണം
എന്നെ ഏറെ ചിന്തിപ്പിച്ചു. പക്ഷെ ഞാൻ സങ്കടപ്പെട്ടതു ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത കെട്ടപ്പോഴല്ല, അതിനും ഒരുപാട് മുൻപേ അദ്ദേഹം അനാരോഗ്യം ബാധിച്ചു, ഓർമ്മയ്ക്കും പ്രതിഭയ്ക്കും മങ്ങലേറ്റു അശരണനായി ഒരു വൃദ്ധസദനത്തിലെത്തിയിരിക്കുന്നു എന്നറിഞ്ഞ ദിവസമാണ്.

അദ്ദേഹത്തിന്റെ വിയോഗ വാർത്ത എന്നെ കലാലയ ജീവിതത്തിന്റെ നാൾവഴികളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എണ്ണത്തിലല്ല നിലാവാരത്തിലാണ് കാര്യം എന്നതിനുദാഹരണമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും. എൺപതുകളിലെ മലയാള സിനിമ എന്നോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേരുകൾ ഇപ്പോഴും ഭരതനും പദ്മരാജനും ആണെങ്കിലും, ആഴത്തിൽ ചിന്തിക്കുമ്പോൾ മനസ്സിലാകുന്നു ഒരു പക്ഷെ അതിനേക്കാളും ഒരുപാട് കാമ്പും കഴമ്പുമുള്ള ചിത്രങ്ങൾ നമുക്ക് സംഭവന ചെയ്തത് കെ ജി ജോർജ് എന്ന സംവിധായകൻ ആണെന്ന്.

ഒരേ സമയം ചിരിപ്പിക്കുയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, മനുഷ്യ ജീവിതത്തിന്റെ നിസ്സാഹയതയും, സാഹചര്യം ഒരു പെണ്ണിൽ വരുത്തുന്ന ധൈര്യവും ഒക്കെ വരച്ചു കാട്ടിത്തന്ന ഒട്ടേറെ ചിത്രങ്ങൾ. യാതൊരു വിധ ചട്ടക്കൂടിനുള്ളിലും ഒതുങ്ങാത്ത വൈവിധ്യമാർന്ന സിനിമകൾ. അതിലുപരി എന്നും ഓർമ്മയിൽ നിത്യഹരിതമായി നിലകൊള്ളുന്ന ശക്തമായ കഥാപാത്രങ്ങളും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഭയിൽ പിറന്നത്. ഏതൊരു കലാസൃഷ്ടിയും മഹത്തരമാകുന്നത് അത് കാലത്തെ അതിജീവിക്കുമ്പോഴാണല്ലോ. ആക്ഷേപ ഹാസ്യം അന്നത്തെക്കാലത്ത് ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റാരും ഉണ്ടാവില്ല. പഞ്ചവടിപ്പാലം എത്ര പ്രാവശ്യം കണ്ടു എന്നുതന്നെ ഇന്നോർമ്മയില്ല, പക്ഷെ ഏതാണ്ട് നാല് പതിറ്റാണ്ടിനിപ്പുറം ഇന്നും ആ ചിത്രത്തിലെ കാര്യങ്ങൾ നമുക്ക് മുന്നിൽ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. യവനിക എന്ന ചിത്രം ഇറങ്ങിയ സമയത്തു എന്റെ ഒരു ബന്ധു ചിത്രം കണ്ടിട്ട് അതിലെ ഓരോ കഥാപാത്രത്തെയും കുറിച്ച് ദിവസങ്ങളോളം വർണ്ണിച്ചു നടന്നത് ഇപ്പോഴും ഓർക്കുന്നു. അവർ കണ്ട ഏറ്റവും വലിയ വിസ്മയം കേസ് അന്വേഷിക്കാൻ വന്ന എസ് ഐ ആയിരുന്നു! മമ്മൂട്ടി എന്ന മെഗാ നടനെ സൃഷ്ടിക്കുകയും ജലജ എന്ന നടിയുടെ ദുഃഖപുത്രി പ്രതിച്ഛായ മാറ്റി എഴുതുകയും ചെയ്ത സംവിധായകൻ!

ഞാൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ വീട്ടിൽ നിന്നും അനുവാദം വാങ്ങാതെ കൂട്ടുകാർക്കൊപ്പം ഒരു സിനിമ കണ്ടിട്ടുള്ളു. (ക്യാമ്പസ് രാഷ്ട്രീയം സമരം അഴിച്ചുവിട്ട ഒരുച്ച നേരത്ത്) ആ തെറ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് കെ ജി ജോർജ് എന്ന സംവിധായകൻ ആയിരുന്നു. എനിക്കേറെ പ്രിയപ്പെട്ട വേണുനാഗവള്ളി, ശോഭ പിന്നെ മനോഹരമായ ഒരു പേര് “ഉൾക്കടൽ’ എന്തായാലും കണ്ടിട്ട് തന്നെ കാര്യം എന്നുറച്ചു, കണ്ടു, ഒത്തിരി ഇഷ്ടമായി. അന്ന് മുതൽക്കാണ്
ഞാൻ, സംവിധായകൻ ആരെന്നു നോക്കി സിനിമ കാണുന്ന വ്യക്തി ആയി മാറിയത് ! മാത്രമല്ല ഇന്നും നിലകൊള്ളുന്ന എന്റെ ‘കടിഞ്ഞൂൽ പ്രണയ’ത്തിന്റെ ആദ്യാക്ഷരമായി ഒരു കൂട്ടുകാരി വഴി എനിക്ക് കിട്ടിയത് ഉൾക്കടൽ എന്ന ചിത്രത്തിലെ അതിമനോഹരമായ ‘ശരബിന്ദു മലർദീപ നാളം നീട്ടി’ എന്ന ആ ഗാനം ആയിരുന്നു. ഇന്നും ആ ഗാനം ഏതൊക്കെയോ മായാ ലോകത്തിലെത്തിക്കുന്നു.

ശ്രീ കെ ജി ജോർജിന്റെ ചിത്രങ്ങളുടെ പേരിൽ പോലും ‘ഉൾക്കടൽ’ പോലെ ആഴവും ‘രാപ്പാടികളുടെ ഗാഥ’ പോലെ ‘സൗന്ദര്യവും’ നിഴലിച്ചിരുന്നു. ‘ആദാമിന്റെ വാരിയെല്ല്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെണ്ണിന്റെ സ്വാതന്ത്ര്യം വെറും ‘വ്യാമോഹം’ അല്ലെന്ന ‘കഥയ്ക്ക് പിന്നിലെ’ ആദ്യ പ്രചോദനം കെ ജി ജോർജ് എന്ന സംവിധായകന്റെ കരവിരുത് തന്നെയാണ്. ‘ലേഖയുടെ മരണം ഓര്‌ഫ്ലാഷ്‌ ബാക്’ എന്ന ചിത്രം ഇന്നും മറ്റുള്ളവരുകളുടെ ‘ഇരകൾ’ ആയി ‘കോലങ്ങൾ’ കെട്ടിയാടുന്ന സ്ത്രീ ജീവിതം വരച്ചു കാട്ടുന്നു. ഗായികയായ ഭാര്യയും മകനും ഒക്കെ ഉണ്ടായിരുന്നിട്ടും, അവാർഡുകൾ വാരിക്കൂട്ടിയ ഇത്ര വല്യ ഒരു കലാകാരന്, അവസാനകാല ജീവിതം അനാഥനെപ്പോലെ അഗതി മന്ദിരത്തിൽ കഴിയേണ്ടിവന്നല്ലോ എന്നോർക്കുമ്പോൾ വ്യസനത്തെക്കാളേറെ വിസ്മയം തോന്നുന്നു! വേറെയുമുണ്ടല്ലോ ഇതേ പോലെ നമുക്ക് മുന്നിൽ പത്തനാപുരം ഗാന്ധി ഭവനിൽ. ഇത് തന്നെയാവണം വിവരമുള്ളവർ പറയുന്നത് ജീവിതം കൊണ്ടല്ല മരണം കൊണ്ടാണ് ഒരു മനുഷ്യന്റെ ഭാഗ്യം അളക്കേണ്ടതെന്നു! ‘യവനിക’ താഴ്ത്തി അദ്ദേഹം ‘യാത്രയുടെ അന്ത്യം’ കുറിച്ച് ‘മണ്ണി’ലേക്ക് മടങ്ങുമ്പോൾ നമ്മിലെ ‘മോഹപ്പക്ഷി’ തേങ്ങുന്നു ഇനിയും ഇതിനേക്കാൾ മഹത്തരമായയൊരു ജന്മം അദ്ദേഹത്തിനുണ്ടാകട്ടെ.